ecoware packaging company

പരാജയത്തിൽ നിന്നും വിജയം കൊയ്ത ഒരു യുവ സംരംഭകൻ

ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അവരെ ദൈവതുല്യരായാണ് നാം കാണുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനായിരകണക്കിനാളുകളുടെ ജീവന്‍ കവര്‍ന്ന മഹാമാരിയാണ് ക്യാന്‍സര്‍. ഇന്ന് ആരോഗ്യരംഗം വളര്‍ന്നെങ്കിലും ക്യാന്‍സറിന്റെ ഇരകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ലക്ഷകണക്കിനാളുകളെ പരോക്ഷമായി ക്യാന്‍സര്‍ എന്ന മഹാവിപത്തില്‍ നിന്ന് രക്ഷിച്ച ഒരു യുവ സംരംഭക നമ്മുടെ രാജ്യത്തുണ്ട്. ദീര്‍ഘകാല ഉപയോഗം ക്യാന്‍സറിന് വഴിവച്ചേക്കാവുന്ന പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവാണ് റിയ എം സിംഗാളിനെ പുതിയ സംരംഭ ആശയത്തിലെത്തിച്ചത്.

അമ്മയെ ക്യാന്‍സര്‍ വേട്ടയാടിയ നാളുകള്‍

സിംഗാളിന് 19 വയസുള്ളപ്പോഴാണ് അവളുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ക്യാന്‍സറിന്റെ ദുരതിങ്ങള്‍ കണ്‍മുന്നില്‍ നേരിട്ട് കണ്ടറിഞ്ഞ റിയ ആളുകള്‍ തുടരുന്ന അലംഭാവമാണ് പ്രധാന പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ടിന്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അവള്‍ കണ്ടെത്തി.

ചൂടുള്ള ഭക്ഷണം പായ്ക്ക് ചെയ്യുമ്പോഴോ, ഭക്ഷണങ്ങള്‍ ഇത്തരം പാത്രങ്ങളില്‍ ചൂടാക്കുമ്പോഴോ ഉണ്ടാകുന്ന രാസ പ്രവര്‍ത്തനങ്ങളാണ് ക്യാന്‍സറിലേക്ക് ആളുകളെ തള്ളിവിടുന്നത്. ഇതിനെതിരേ എന്തു ചെയ്യാന്‍ സാധിക്കുമെന്ന തെരച്ചിലായിരുന്നു പിന്നീട്.

​പ്രകൃതിയിലേക്കുള്ള മടക്കത്തില്‍ എത്തുന്നു

ഏറെ നാളത്തെ റിസര്‍ച്ചുകള്‍ക്കൊടുവില്‍ പ്രകൃതിയില്‍ തന്നെയാണ് ഇതിനുള്ള പരിഹാരമെന്നു റിയ തിരിച്ചറിഞ്ഞു. വിവാഹശേഷം യു.കെയിലെത്തിയ റിയ അവിടെനിന്നാണ് ബയോ- ഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കമെന്ന തിരിച്ചറിവിലെത്തിയത്.

ഇത്തരം ഉല്‍പ്പന്നങ്ങള്‍ 90 ദിവസംകൊണ്ട് പൂര്‍ണമായി മണ്ണില്‍ ലയിച്ചുചേരുമെന്നും മനസിലാക്കി. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കും ശരീരത്തിനും ഒരു ദോഷവും ഉണ്ടാകില്ല. യു.കെയില്‍നിന്നു ലഭിച്ച ആശയം ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അവള്‍ തീരുമാനിച്ചു.

ecoware big brain magazine

​ഇക്കോവെയര്‍ യാഥര്‍ത്ഥ്യമാകുന്നു

വികസിച്ചുകൊണ്ടിരിക്കുന്ന ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യു.എസ്.ആര്‍) വ്യവസായത്തിന്റെ ആകര്‍ഷണീയമായ കട്ട്‌ലറികളുടെയും കണ്ടെയ്നറുകളുടെയും ശ്രേണിയുടെ ബ്രാന്‍ഡ് നാമമാണ് ഇന്ന് 'ഇക്കോവെയര്‍'. ഭക്ഷ്യ ശൃംഖലയിലെ ക്യാന്‍സര്‍ കുറയ്ക്കല്‍, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കര്‍ഷകരെ സഹായിക്കുക തുടങ്ങീ നിരവധി മൂല്യങ്ങള്‍ കമ്പനി ഉയര്‍ത്തിപിടിക്കുന്നു.

ഒരൊറ്റ ദിവസം കൊണ്ടായിരുന്നില്ല ഇക്കോവെയറിന്റെ വളര്‍ച്ച. ആദ്യ വര്‍ഷം വെറും 50,000 രൂപ മാത്രമായിരുന്നു വരുമാനം. അഭിനിവേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബിസിനസ് തുടര്‍ന്നു. അമ്മയെന്ന ഉദാഹരണം അവൾക്കു മുന്നിലുണ്ടായിരുന്നു.

​ആശയവും സംരംഭവും വളര്‍ന്നു പന്തലിക്കുന്നു

കാര്‍ഷിക മാലിന്യങ്ങളെ ബയോ ഡിഗ്രേഡബിള്‍, ഡിസ്‌പോസിബിള്‍ പാക്കേജിങ് ബോക്‌സുകളും പ്ലേറ്റുകളും ആക്കി മാറ്റിയായിരുന്നു റിയയുടെ തുടക്കം. കര്‍ഷകരില്‍ നിന്ന് കാര്‍ഷിക മാലിന്യങ്ങള്‍ സംഭരിക്കുക വഴി, കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും അവള്‍ക്കു സാധിച്ചു. പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്നതിനാല്‍ ഇക്കോവെയറിന് വലിയ സാമൂഹിക സ്വാധീനമുണ്ട്.

​തലവരമാറ്റിയത് കോമണ്‍വെല്‍ത്ത് ഗെയിംസ്

പുതിയ ആശയത്തെ ആദ്യമൊന്നും ഏറ്റെടുക്കാന്‍ വിപണി തയ്യാറായില്ല. വഴിത്തിരിവ് 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രൂപത്തിലായിരുന്നു. ഗെയിമുകളില്‍ ഭക്ഷണം വിളമ്പുന്നതിനായി റിയയുടെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 25 കോടി വിറ്റുവരവ് കൈവരിച്ച ഇക്കോവെയര്‍ 100 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 20 ജോലിക്കാരുമായി തുടങ്ങിയ സംരംഭത്തില്‍ ഇന്നു 115 പേരോളമുണ്ട്.

ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ), ക്യു.എസ്.ആര്‍. ശൃംഖലയായ ഹല്‍ദിറാം, ചായോസ് എന്നിവ ഇന്ന് ഇക്കോവെയറിന്റെ പ്രമുഖ ക്ലയന്റുകളാണ്. ഇക്കോവെയറിന്റെ ഉല്‍പ്പന്നങ്ങള്‍ മൈക്രോവേവ് - ഫ്രീസ് സുരക്ഷിതമാണ്. 25 ഇക്കോവെയര്‍ സ്പൂണുകളും ഫോര്‍ക്കുകളും അടങ്ങിയ പായ്ക്കറ്റിന് 90 രൂപ മുതലാണ് വില, അതേസമയം ഇക്കോവെയറിന്റെ 50 കപ്പുകളുടെ പായ്ക്കിന് 195 രൂപയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് 'നാരി ശക്തി അവാര്‍ഡ്' റിയ കൈവരിച്ചതില്‍ അതിശയിക്കാനില്ല. വേള്‍ഡ് എക്കണോമിക് ഫോറം അവളെ ഒരു ഗ്ലോബല്‍ ലീഡറായി അംഗീകരിക്കുകയും വിമന്‍ ഇക്കണോമിക് ഫോറം 'വുമണ്‍ ഓഫ് എക്സലന്‍സ്' അവാര്‍ഡ് നല്‍കുകയും ചെയ്തു.

Author

SNEHA-M-PALAKKAD

SNEHA M

Business Motivation Content Writer

I am an amateur content writer. It is a startup for online counselling and emotional support. I write motivational and inspirational articles.

Related