മിതമായ നിരക്കിൽ ഇനി യാത്ര ചെയ്യാം പുത്തൻ ആശയവുമായി കൊച്ചി സ്റ്റാർട്ട് അപ്പ് - tukxi.in
ഓൺലൈൻ ടാക്സി ബുക്കിങ് സജീവമായതോടെ ഊബറിനും ഒല കാബ്‍സിനുമൊക്കെ നമ്മുടെ നാട്ടിലും സ്വീകാര്യതയേറിയിട്ട് ഏറെ നാളായി. ഇപ്പോൾ വൻകിട കമ്പനികളുടെ ഓൺലൈൻ ഓട്ടോ ടാക്സി നിരയും കൂടുതൽ സജീവമാണ്. എന്നാൽ മറ്റ് ടാക്സി സര്‍വീസുകളിൽ നിന്ന് വ്യത്യസ്തമായി സര്‍ ചാര്‍ജോ അധിക നിരക്കുകളോ ഒന്നും ഇല്ലാതെ കിലോമീറ്റര്‍ അനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ യാത്ര ചെയ്യാനായാലോ? ഓൺലൈൻ ഓട്ടോ ടാക്സി എന്ന ആശയം ചുരുങ്ങിയ കാലത്തിനുള്ളിൽ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചിൻ സ്റ്റാര്‍ട്ടപ്പ്. ടുക്സി (Tukxi) എന്ന സ്റ്റാര്‍ട്ടപ്പാണ് കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരെ ഉൾപ്പെടുത്തി ഓൺലൈൻ ഓട്ടോ ടാക്സി സര്‍വീസ് തുടങ്ങിയത്.
50 ഓട്ടോകളുമായി ആയിരുന്നു തുടക്കത്തിൽ സര്‍വീസ് എങ്കിൽ ഇപ്പോൾ 7,000ത്തോളം ടാക്സികൾ ഈ നിരയിലുണ്ട് എന്ന് അധികൃതര്‍ പറയുന്നു. 2021 ജനുവരിയിൽ കൊച്ചിയിൽ ആയിരുന്നു സേവനങ്ങളുടെ തുടക്കം. ഇപ്പോൾ കൊച്ചി നഗരത്തിൽ മാത്രമല്ല തിരുവനന്തപുരത്തും തൃശ്ശൂര്‍ നഗരത്തിലും ടുക്സിക്ക് കീഴിൽ ഓട്ടോകൾ ലഭ്യമാണ്. സൂരജ് നായര്‍, അര്‍ജുൻ തമ്പി എന്നിവരാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. കാക്കനാട് ഇൻഫോപാർക്ക് ആസ്ഥാനമായി ആണ് പ്രവർത്തിക്കുന്നത്.
അടുത്തിടെയാണ് തലസ്ഥാന നഗരിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. യാത്രക്കാര്‍ക്ക് മാത്രമല്ല ഡ്രൈവര്‍മാര്‍ക്കും സൗകര്യപ്രദമാണ് ടുക്സി. അധിക വരുമാനത്തിനായി പ്ലാറ്റ്‍ഫോമിനെ ആശ്രയിക്കാം. ഡ്രൈവർമാർക്ക് ഗവൺമെൻറ് അംഗീകൃത മീറ്റർ ചാർജ് ആയിരിക്കും ലഭിക്കുക.യാത്രക്കാർക്ക് സുരക്ഷിതവും തടസ്സം ഇല്ലാത്തതുമായ യാത്രാസൗകര്യവും ലഭിക്കും. റോഡിലേക്കിറങ്ങി ഒരു ഓട്ടോ കണ്ടെത്താൻ വളരെയധികം സമയം ചെലവഴിക്കേണ്ടി വരുമെങ്കിൽ ഓൺലൈനായി തന്നെ ടാക്സി ബുക്ക് ചെയ്ത് യാത്ര എളുപ്പമാക്കാം.
ഏറ്റവും അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെയും യാത്രക്കാരെയും തമ്മിൽ കമ്പനി ബന്ധിപ്പിക്കുന്നതിനാൽ സമയവും ലാഭിക്കാം. മഴ്, ഗതാഗതക്കുരുക്ക് തുടങ്ങിയ സാഹചര്യങ്ങളിൽ ഒന്നും യാത്രക്കാര്‍ അധിക തുക നൽകേണ്ടി വരുന്നില്ല. സുതാര്യമായ പെയ്മെൻറ് ഇടപാടുകളാണ് കമ്പനിയുടേത്. കിലോമീറ്റർ അടിസ്ഥാനത്തിൽ കമ്മിഷൻ ഈടാക്കാതെ ഡ്രൈവർമാർക്ക് കൃത്യമായ തുക ലഭിക്കും. കേരളം മുഴുവൻ സേവനം വ്യാപിപ്പിക്കാനാണ് ടുക്സി അധികൃതരുടെ തീരുമാനം.
കോട്ടയം, വടക്കൻ കേരളം എന്നിവിടങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും ടുക്സി പ്രവർത്തനം വിപുലീകരിക്കും. കൂടാതെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ടുക്സി സേവനങ്ങൾ നൽകാൻ പദ്ധതിയുണ്ട്.