ashish-hemrajani-bookmyshow

യാത്രക്കിടെ കൺമുന്നിലെത്തിയ പരസ്യം നിമിത്തമായി; ബൈക്കില്‍ ടിക്കറ്റ് വിറ്റുനടന്ന് പടുത്തുയർത്തിയത് 3000 കോടിയുടെ ആസ്തി.

നമുക്ക് മുൻപിൽ കാണുന്ന വ്യത്യസ്ത സംരംഭക സാധ്യതകളെ തിരിച്ചറിയുകയും അതിന് വേണ്ടി കഠിനമായി പ്രായത്നിക്കുന്നവർ മാത്രമേ വിജയത്തിൽ എത്തുകയുള്ളൂ. അത്തരത്തിലുള്ള ഒരു ബിസിനസ് ആരംഭിച്ച് വിജയക്കൊടി പാറിച്ച ഒരു സംരംഭകനെ കുറിച്ചാണ് ഇനി പറയുന്നത്.

ബുക്ക്‌മൈഷോ എന്ന സ്ഥാപനം ഇന്ന് സിനിമ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പരിചിതമായ ഒന്നാണ് . ഓണ്‍ലൈനില്‍ സിനിമാ ടിക്കറ്റുകള്‍ മുതല്‍ വിവിധ സ്‌പോര്‍ട്‌സ് ഷോകളുടെ എന്‍ട്രി പാസുകള്‍ വരെ ലഭിക്കണമെങ്കില്‍ ബുക്ക്‌മൈഷോയില്‍ കയറിയാല്‍ മതി. ബിഗ് ട്രീ എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ബുക്ക് മൈ ഷോ.

ഈ വന്‍കിട സംരംഭം തന്റെ 26-ാം വയസിലാണ് ആശിഷ് ഹേംരജനി ആരംഭിക്കുന്നത്. മുംബൈ സ്വദേശിയായ ആശിഷ് എംബിഎ ബിരുദധാരിയാണ്. ഒരിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു യാത്രക്കിടെ കേട്ട റഗ്ബി ടിക്കറ്റിന്റെ പരസ്യമാണ് അദേഹത്തെ ബിഗ് ട്രീ എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വപ്‌നത്തിലെത്തിച്ചത്.

ashish hemrajani big brain magazine

20,000 രൂപയും സ്വന്തം വീടും

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്കായി തന്റെ സ്വന്തം വീട്ടിലാണ് ആശിഷ് സ്ഥാപനം തുടങ്ങിയത്. വെറും 20,000 രൂപയായിരുന്നു മൂലധനം. സുഹൃത്തുക്കളായ പരീക്ഷിത് ധറിനും രാജേഷ് ബാല്‍പാണ്ഡേക്കും ആശിഷിന്റെ സംരംഭക ആശയത്തില്‍ താല്‍പ്പര്യം തോന്നിയതോടെ പങ്കാളികള്‍ ആയി മാറി. രാജ്യത്ത് മള്‍ട്ടിപ്ലക്‌സ് ശ്യംഖലകള്‍ക്ക് തുടക്കം കുറിക്കുന്ന സമയമായിരുന്നു ഇത്.

വെറും 20,000 രൂപ മുതല്‍മുടക്കിൽ ആരംഭിച്ച ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് വില്‍പ്പനയാണ് ഇന്ന് മൂവായിരം കോടി രൂപയുടെ ആസ്തി നേടുംവിധം വളര്‍ന്നത്. ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റിങ് പ്ലാറ്റ്‌ഫോം ആയി തുടക്കം കുറിച്ച സംരംഭം മുമ്പോട്ട് കൊണ്ടുപോകാനായി ഒരുപാട് പ്രതിസന്ധികളാണ് അനുഭവിക്കേണ്ടി വന്നത്.

ആദ്യഘട്ടത്തില്‍ ടിക്കറ്റ് ബുക്കിങ് നഷ്ടമാകാതിരിക്കാന്‍ പലപ്പോഴും ഒന്നിച്ച് ടിക്കറ്റുകള്‍ തീയേറ്ററുകളില്‍ നിന്ന് വാങ്ങിയ ശേഷം സ്വന്തം ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. ഏതാനും നാളുകള്‍ക്ക് ശേഷം ബിസിനസ് വിപുലീകരണത്തിന് ഫണ്ട് ആവശ്യമായി വന്നു. എന്നാല്‍ ഫണ്ടിനായി പലരെയും സമീപിച്ചെങ്കിലും ആര്‍ക്കും ഈ ബിസിനസ് ആശയത്തോടെ താല്‍പ്പര്യം തോന്നിയില്ല.

നെറ്റ്ബാങ്കിങ് ,ക്രെഡിറ്റ് ഇടപാടുകളോ സജീവമല്ലാതിരുന്ന ആ കാലത്ത് ആര്‍ക്കും ഇതിന്റെ വിപണി സാധ്യത തിരിച്ചറിയാനും സാധിച്ചില്ല. തീയേറ്ററുകളില്‍ ടിക്കറ്റിംങ് സോഫ്റ്റ്‌വെയറുകളുടെ അഭാവവും പരിമിതമായ ബ്രോഡ്ബാന്റ് കണക്ഷനും ബിസിനസില്‍ തിരിച്ചടികള്‍ പതിവാക്കി.

എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ മൂന്ന് കൂട്ടുകാരും മുമ്പോട്ട് തന്നെ പോയി. 2007ല്‍ നെറ്റ്‌വര്‍ക്ക് 18 എന്ന വമ്പന്‍ കമ്പനി നിക്ഷേപകരായി എത്തിയതോടെ കമ്പനിയുടെ തലവര മാറി. ക്രമേണ മെച്ചപ്പെട്ടപ്പോള്‍ കമ്പനിയുടെ പേരും മാറ്റി 'ബുക്ക് മൈ ഷോ' എന്നാക്കി. സ്ഥാപനത്തിലെ ജീവനക്കാരാണ് പേര് നിര്‍ദേശിച്ചത്.

bookmyshow big brain magazine

നേട്ടമായത് ഐപിഎല്ലും ഫോര്‍മുലവണ്ണും

2010ല്‍ ഐപിഎല്ലിലെ ഏതാനും ടീമുകളുടെയും തൊട്ടുപിന്നാലെ 2011ല്‍ ഫോര്‍മുലവണ്ണിന്റെ ടിക്കറ്റ് വിതരണത്തിലും പങ്കാളികളാകാന്‍ സാധിച്ചു. ഇതോടെ പ്രതിമാസം പത്ത് മില്യണില്‍ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത്.

20 മില്യണില്‍ അധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 20,000 രൂപ മുതല്‍ മുടക്കുമായി 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബിസിനസ് ഇന്ന് 3000 കോടിയില്‍പരം ആസ്തിയില്‍ എത്തി നില്‍ക്കുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും തരംഗമായിട്ടുണ്ട് ഈ സ്ഥാപനം.

Author

SNEHA-M-PALAKKAD

SNEHA M

Business Motivation Content Writer

I am an amateur content writer. It is a startup for online counselling and emotional support. I write motivational and inspirational articles.

Related