ബനാന പൗഡർ, റോസ്റ്റഡ് റാഗി പൗഡർ, ഹെൽത്ത് മിക്സ് എന്നീ ഉൽപന്നങ്ങൾ പാരമ്പര്യരീതിയിൽ നിർമിച്ചു വിൽക്കുന്നതാണ് ബിസിനസ്. ബനാന പൗഡർ വിറ്റുകൊണ്ടായിരുന്നു തുടക്കം. നല്ലതരം ഏത്തയ്ക്ക തിരഞ്ഞെടുത്ത് മറ്റൊന്നും ചേർക്കാതെ ഉണക്കിപ്പൊടിച്ച് പാക്ക് ചെയ്തു വിൽക്കുന്നു. റാഗി പൊടിച്ചു വറുത്ത ശേഷമാണ് പാക്ക് ചെയ്യുന്നത്. ഏറ്റവും മികച്ചതും നന്നായി വിൽക്കുന്നതുമായ ഉൽപന്നമാണ് ഹെൽത്ത് മിക്സ്. സൂചി ഗോതമ്പ്, റാഗി, ഉഴുന്ന്, ചെറുപയർ, നവരയരി, മുതിര, ബാർലി, യവം, ബദാം തുടങ്ങിയ ധാന്യങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കിപ്പൊടിച്ചാണ് ഹെൽത്ത് മിക്സ് തയാറാക്കുക. ബാർലിയും ഉഴുന്നും ഒഴികെയുള്ള ധാന്യങ്ങൾ കല്ലുപ്പ് ഉപയോഗിച്ചു കഴുകുന്നുവെന്നതും പ്രത്യേകതയാണ്. കൂടാതെ കുത്തിയെടുക്കുന്ന നവരയരിയും കുടംപുളിയും വിൽക്കുന്നുണ്ട്.
ബനാന പൗഡറിൽ തുടക്കം
2005 ൽ ആണ് സംരംഭം തുടങ്ങുന്നത്. ആയുർവേദ ഉൽപന്ന നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവിടെനിന്നു ലഭിച്ച ആശയം വിപുലപ്പെടുത്തി. ഏത്തക്കായ ഉണക്കിപ്പൊടിച്ച് വിപണിയിൽ എത്തിച്ചുകൊണ്ട് ചെറിയ തോതിലായിരുന്നു തുടക്കം. ആദ്യം സമീപപ്രദേശങ്ങളിലെ മെഡിക്കൽ ഷോപ്പുകളെ സമീപിച്ചു. നല്ല സ്വീകരണമായിരുന്നു വിപണിയിൽ നിന്നു കിട്ടിയത്. അത് ആത്മവിശ്വാസം വർധിപ്പിച്ചു. ഇപ്പോൾ ഏഴു തൊഴിലാളികളും 10 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപവും ഉണ്ട്. ഡ്രയർ, ഗ്രൈൻഡർ, പൾവറൈസർ, സീലിങ് മെഷീൻ, ഡിസ്റ്റോണർ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. വിൽപനയെല്ലാം പ്രേംകുമാർ തന്നെ നേരിട്ടു നോക്കിനടത്തുന്നു.
മറുനാട്ടിലും മികച്ച വിപണി
വിൽപ്പന കൂടുതലും അന്യസംസ്ഥാനങ്ങളിലാണെന്നു പറയാം. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നു നല്ല കച്ചവടം കിട്ടുന്നു. അവിടത്തെ വിൽപന നികുതി റജിസ്ട്രേഷനും എടുത്തിട്ടുണ്ട്. വിതരണക്കാർ വഴിയും നേരിട്ടും വിൽക്കുന്നു. ആകെ ഉൽപാദനത്തിന്റെ പകുതിയോളം നേരിട്ടും അത്രയും തന്നെ വിതരണക്കാർ വഴിയുമാണു വിൽക്കുന്നത്.
സൂപ്പർ മാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളുമാണ് പ്രധാന വിൽപന കേന്ദ്രങ്ങൾ. ചിലപ്പോഴൊക്കെ പാഴ്സൽ വഴിയും എത്തിച്ചു നൽകാറുണ്ട്. ബനാന പൗഡറിന്റെ വിപണിയിൽ അത്യാവശ്യം കിടമത്സരം നിലനിൽക്കുന്നുണ്ട്. മറ്റിനങ്ങൾക്കു കാര്യമായ മത്സരം ഇല്ല. െഹൽത്ത് മിക്സ് എത്ര ഉണ്ടാക്കിയാലും വിറ്റുപോകും.
വിജയരഹസ്യങ്ങൾ
∙ 100 ശതമാനവും ശുദ്ധതയും രുചിയും നിലനിർത്താൻ ശ്രമിക്കുന്നു.
∙ മികച്ച നിലവാരത്തിലുള്ള പാക്കിങ്.
∙ ധാന്യങ്ങൾ തവിടു കളയാതെ ഉപയോഗിക്കുന്നു.
∙ ഞവരയരി ഉരലിൽ കുത്തിയാണ് ഉണ്ടാക്കുന്നത്.
∙ പ്രിസർവേറ്റീവ് ചേർക്കില്ല.
∙ ലാബ് ടെസ്റ്റ് നടത്തി മാത്രം വിൽപന.
ഇപ്പോൾ പ്രതിമാസം എട്ട്–ഒൻപതു ലക്ഷം രൂപയുടെ കച്ചവടമാണ് ശരാശരി നടക്കുന്നത്. അതിൽനിന്നു 10 മുതൽ 15 ശതമാനം വരെ അറ്റാദായം ലഭിക്കുന്നുണ്ട്. നിലവിൽ ശരാശരി ഒരു ലക്ഷം രൂപയോളം പ്രതിമാസം ഈ ബിസിനസ്സിലൂടെ വരുമാനം ലഭിക്കുന്നു. ഉൽപാദനം ഇരട്ടിയാക്കി വർധിപ്പിച്ചാലും വിൽക്കാൻ കഴിയുമെന്നു പ്രേംകുമാർ പറയുന്നു.
ഭാവിലക്ഷ്യങ്ങൾ
മുളയരി ഉൽപന്നങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ പുതിയ പ്ലാന്റ് ആരംഭിക്കാൻ ഉദ്ദേശ്യമുണ്ട്. പ്രാരംഭ പ്രവൃത്തികൾ പൂർത്തിയായി. ഇതോടെ നിലവിലുള്ള ഉൽപാദനം ഇരട്ടിയായി ഉയർത്താനും കഴിയും.കുടുംബത്തിൽനിന്നുള്ള പിന്തുണ വലിയതോതിൽ സഹായിക്കുന്നുണ്ട്. ഭാര്യ സുഗന്ധി, മകൻ ഗൗതം എന്നിവർ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ട്.
വിലാസം:
വി. പ്രേംകുമാർ
വി.പി.കെ. ഫുഡ് പ്രോഡക്ട്സ്
തോട്ടുമുഖം റോഡ്,
ഇടയപുരം, ആലുവ–01