പെയിന്റിങ് ഹോബിയെ ബിസിനസ് തലത്തിലേക്കു കൊണ്ടുവന്നു വിജയംകൊയ്ത സംരഭകയാണ് സോണി ബാലകൃഷ്ണൻ

എന്താണ് ബിസിനസ്?

ഫാബ്രിക് പെയിന്റിങ്ങാണ് ബിസിനസ്.

സാരികളിൽ മാത്രമല്ല, ഷർട്ടുകൾ, സെറ്റ്മുണ്ട്, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവയിലും മനോഹരമായി പെയ്‌റ്റിംഗ്‌ ചെയ്യുന്നു. സാരികളിൽ കുത്താമ്പുള്ളി കൈത്തറി സാരികളാണു കൂടുതലും ചെയ്യുന്നത്. ജൂട്ട് സിൽക്ക്, ടിഷ്യൂ സിൽക്ക്, റോ സിൽ‌ക്ക് എന്നിവയിലും പെയിന്റിങ്ങുകൾ നടത്തുന്നു. സ്വന്തമായി ഡിസൈൻ ചെയ്തു വരച്ചു നൽകുന്നതിനു പുറമേ ഉപഭോക്താവ് നിർദേശിക്കുന്ന ഡിസൈൻ, കളർ എന്നിവ അനുസരിച്ചും ജോലികൾ ചെയ്യുന്നു. വിവാഹ വസ്ത്രങ്ങൾ ആകർഷകമായ രീതിയിൽ ഡിസൈനും പെയിന്റിങ്ങും നടത്തി നൽകുന്നുണ്ട്. കൂടാതെ കസ്റ്റമേഴ്സ് നൽകുന്ന വസ്ത്രങ്ങളിലും വർക്കുകൾ നടത്തി നൽകും. കല്യാണ ഷർട്ടുകളും ജുബ്ബയുമെല്ലാം ആകർഷകമായ രീതിയിൽ ഇവിടെ ചെയ്യുന്നുണ്ട്.

എന്തുകൊണ്ട് ഇത്തരം ബിസിനസ്?

സോണിക്ക് ചെറുപ്പം മുതലേ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നു. പക്ഷേ, കൊമേഴ്സ് പഠിക്കാനായിരുന്നു വിധി. ബിരുദാനന്തര ബിരുദം നേടി ഒരു വർഷം ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. അതിനുശേഷം വിവാഹമായി. ഭർത്താവ് ബാലകൃഷ്ണന്റെ പ്രോത്സാഹനമായിരുന്നു ‘പെയിന്റിങ് ഹോബി’യെ ബിസിനസ് തലത്തിലേക്കു കൊണ്ടുവരാൻ പ്രധാന കാരണം. സ്വയം പരീക്ഷിക്കുകയായിരുന്നു ഫാബ്രിക് പെയിന്റിങ്. ഇതിനെ ഒരു ഹോബി മാത്രമായി കാണാൻ താൽപര്യമില്ലാത്തതിനാൽ ബിസിനസ് ആക്കി മാറ്റാൻ ശ്രമിച്ചു, വിജയിച്ചു. ഇപ്പോൾ സ്ഥിരവരുമാനം ലഭിക്കുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കുന്നു.

ഓൺലൈൻ വഴി വിൽപനകൾ

ഓൺലൈൻ വഴിയാണ് പ്രധാനമായും വർക്ക് ഓർഡറുകൾ പിടിക്കുന്നത്. www.vedacollections.com എന്ന വെബ്സൈറ്റും നിലവിൽ ഉണ്ട്. ഫെയ്സ്ബുക്കും വാട്സ്ആപ്പും വിപണി പിടിക്കാൻ നന്നായി ഉപയോഗിക്കുന്നു.

വിദേശത്തും വിപണി

ഏതാനും ടെക്സ്റ്റൈയിൽ ഷോപ്പുകൾ വഴിയും വിൽപനയുണ്ട്. പാലക്കാട്, തൃശൂർ, ഒറ്റപ്പാലം, എറണാകുളം എന്നിവിടങ്ങളിലെ ഷോപ്പുകളിലൂടെ വിൽപന നടത്തുന്നുണ്ട്. ഡൽഹി, ഓസ്ട്രേലിയ, ചെന്നൈ, കാനഡ, സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ സ്ഥിരം കസ്റ്റമേഴ്സുണ്ട്. ഓണം, വിഷു സീസണുകളിൽ വിൽപ്പന കൂടും.

"1,000 രൂപ മുതൽ 20,000 രൂപ വരെ പെയിന്റിങ് വർക്കുകൾക്ക് ചാർജ് ചെയ്യുന്നുണ്ട്. ഡിസൈൻ ചെയ്ത സാരികൾ 6,000 മുതൽ 8,000 രൂപ വരെ വിലയിൽ വിൽക്കുന്നു.. നിലവിൽ ഈ രംഗത്തു ചെറിയ മത്സരം നിലനിൽക്കുന്നുണ്ട്. എങ്കിലും അതു ബിസിനസ്സിനെ ബാധിക്കുന്നില്ല.‌ ഇപ്പോൾ പ്രതിമാസം 50,000 രൂപ ശരാശരി ലാഭമുണ്ട്."

സവിശേഷതകൾ

∙ ജീവസ്സുറ്റ ചിത്രങ്ങൾ, ഡിസൈനുകൾ.

∙ വസ്ത്രങ്ങൾ കഴുകാവുന്ന രീതിയിൽ ചെയ്യുന്നു.

∙ അക്രിലിക് പെയിന്റ് ആണ് ഉപയോഗിക്കുന്നത്.

∙ ഉപഭോക്താവ് പറയുന്ന ഡിസൈനിൽ വർക്ക് ചെയ്തു നൽകുന്നു.

∙ സാധാരണക്കാർക്കും താങ്ങാൻ കഴിയുന്ന വിലയിൽ നൽകുന്നു.

∙ കൃത്യസമയത്തു തന്നെ ഡെലിവറി.

∙ കടമായി കച്ചവടം ഇല്ല.

∙ അമിതലാഭം എടുക്കാതെ ശ്രദ്ധിക്കുന്നു.

∙ തുടങ്ങാൻ വലിയ നിക്ഷേപം ആവശ്യമില്ല.

പെയിന്റിങ്ങിനുള്ള ഒരു ടേബിൾ സ്റ്റാൻഡ് ആണ് പ്രത്യേകമായി വാങ്ങിയത്. ഇതിന് ഏകദേശം 10,000 രൂപയോളമായി. പിന്നെ ബ്രഷുകൾ, ഫാബ്രിക് പെയിന്റുകൾ എന്നിവയും വാങ്ങി. സ്ഥാപനത്തിൽ വേറെ ജോലിക്കാർ ആരും ഇല്ല. ഭർത്താവ് ബാലകൃഷ്ണൻ സർക്കാർ സർവീസിലാണ്. മകൾ നിവേദിക ഒന്നാം ക്ലാസിൽ പഠിക്കുന്നു. െപയിന്റ് ചെയ്യാനുള്ള താൽപര്യമാണ് ഇവിടെ പ്രതിമാസ സമ്പാദ്യമായി മാറുന്നത്.

പുതിയ പ്രതീക്ഷകൾ

ഈ രംഗത്ത് ശ്രദ്ധേയമായ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് സോണിയുടെ ആഗ്രഹം. ജോലിക്കാരെ ഏർപ്പെടുത്തി അവരെ പരിശീലിപ്പിച്ച് മികച്ച രീതിയിൽ‍ ഓർഡറുകൾ സമ്പാദിച്ച് സ്ഥാപനം വിപുലപ്പെടുത്താൻ ലക്ഷ്യമുണ്ട്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രദർശനം നടത്തണം. വിവാഹ വസ്ത്രങ്ങൾ ഡിസൈൻ െചയ്യുന്നതിനു സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കണം. വസ്ത്രങ്ങളിലെ പെയിന്റിങ് കൂടുതൽ ജനപ്രിയമാക്കണം. അങ്ങനെ നിരവധിയായ സ്വപ്നങ്ങൾ കൂടി പ്രവൃത്തിപഥത്തിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവസംരംഭക.

വിജയരഹസ്യങ്ങൾ

∙ ഡിസൈൻ അയച്ചു കൊടുത്ത് കസ്റ്റമറിൽനിന്ന് അംഗീകാരം നേടിയശേഷം അതുപോലെതന്നെ പെയിന്റിങ് നടത്തി നൽകുന്നു.

∙ കസ്റ്റമറുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യും. അവർ നിർദേശിക്കുന്ന പുതിയ ഡിസൈനുകളും മടികൂടാതെ സ്വീകരിക്കും.

∙ അംഗീകരിച്ച ഡിസൈൻ അനുസരിച്ച് പെയിന്റിങ് പൂർത്തിയാകാൻ എത്ര ദിവസം എടുക്കും എന്നത് അനുസരിച്ചാണു ചാർജ് നിശ്ചയിക്കുക.

∙ വർക്കിന് ഒരു ദിവസം മുതൽ 15 ദിവസം വരെ എടുക്കാം. അതനുസരിച്ച് വിലയിലും വ്യത്യാസം വരും. സാരി‍കളിൽ വർക്ക് ചെയ്യുന്ന മ്യൂറൽ ഡിസൈന് ചാർജ് കൂടുതലായിരിക്കും.

∙ അഡ്വാൻസ് പോലും വാങ്ങാതെയാണ് ഇതുവരെയും ഓർഡറുകൾ സ്വീകരിച്ചിരുന്നത്. വർക്ക് ചെയ്ത തുണിത്തരം അയച്ചുകൊടുത്തശേഷമാണു പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു തരുന്നത്. ഇതുവരെയും ഇക്കാര്യത്തിൽ പ്രശ്നം ഉണ്ടായിട്ടില്ല.

ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ‘സ്പീഡ് പോസ്റ്റായി’ ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയയ്ക്കുന്നു. ഇതാണ് കുറിയർ വഴി അയയ്ക്കുന്നതിനെക്കാൾ ലാഭകരം. സ്വന്തമായി എക്സിബിഷനുകൾ സംഘടിപ്പിച്ചും വിൽപനയുണ്ട്. വിമൺസ് ക്ലബ്ബുമായി േചർന്ന് തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിൽ നടത്തിയ പ്രദർശനങ്ങളിൽനിന്നു നിരവധി പുതിയ കസ്റ്റമേഴ്സിനെ ലഭിച്ചു.

വിലാസം:

സോണി ബാലകൃഷ്ണൻ

വേദ കളക്‌ഷൻസ്

ശ്രീദുർഗ നഗർ‌, കല്ലോകുളങ്ങര പി.ഒ.,

പാലക്കാട്

മൊബൈൽ: 9495232214