ഒഎൻഡിസി: 'ആയിരം ഗേറ്റുള്ള ഡിജിറ്റൽ മാൾ'. കേന്ദ്രസർക്കാരിന്റെ ഇ–കൊമേഴ്സ് വികേന്ദ്രീകൃത ശൃംഖല ഓഗസ്റ്റിൽ രാജ്യമാകെ...

ഓൺലൈൻ വിപണന (ഇ–കൊമേഴ്സ്) രംഗത്ത് കേന്ദ്രസർക്കാർ പിന്തുണയോടെ വരുന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) ഓഗസ്റ്റിൽ രാജ്യമാകെ പ്രവർത്തനം ആരംഭിക്കുമെന്നു കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ തിരുവനന്തപുരം സ്വദേശി തമ്പി കോശി പറഞ്ഞു.

മാർച്ചിൽ പരിമിതമായ ഉപയോക്താക്കളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തും. പേയ്ടിഎം, ഫോൺപേ, ടാലി ഉൾപ്പെടെ 80ലധികം കമ്പനികൾ ഒഎൻഡിസി ശൃംഖലയുടെ ഭാഗമാകുന്ന നടപടികളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വമ്പൻ സ്വകാര്യ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച നിലവിലുള്ള ഇ–കൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. ഒഎൻഡിസി സംബന്ധിച്ച സംശയങ്ങൾക്ക് തമ്പി കോശി മറുപടി നൽകുന്നു.

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ പോലെ ഒരു പ്ലാറ്റ്ഫോം ആണോ ഒഎൻഡിസി?

അല്ല, മറ്റു പ്ലാറ്റ്ഫോമുകൾ പോലെ ഒരു ആപ് അല്ലെങ്കിൽ വെബ് പോർട്ടൽ അല്ല ഒഎൻഡിസി. നിലവിലുള്ള ഇ–കൊമേഴ്സ് കമ്പനികളെല്ലാം പൂർണമായും കേന്ദ്രീകൃതമാണ്. ഒഎൻഡിസിയിൽ എല്ലാം വികേന്ദ്രീകൃതവും. ഉപയോക്താക്കൾക്കു സേവനം നൽകാൻ പല ബയർ (Buyer) ആപ്പുകളും വിൽക്കുന്ന സെല്ലർമാരെ ഏകോപിപ്പിക്കാൻ വിവിധ സെല്ലർ ആപ്പുകളുമുണ്ടായിരിക്കും. ബയർ ആപ്പുകളെയും സെല്ലർ ആപ്പുകളെയും സാധനങ്ങൾ ഡെലിവറി ചെയ്യാനുള്ള ലോജിസ്റ്റിക്സ് കമ്പനികളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക ശൃംഖലയാണ് ഒഎൻഡിസി.

ഓപൺ നെറ്റ്‍വർക്കായതിനാൽ എല്ലാം സുതാര്യമായിരിക്കും. പേയ്ടിഎം, ഫോൺപേ പോലെ ഏതു കമ്പനിക്കും അവരുടെ നിലവിലെ ആപ്പിൽ ഇ–കൊമേഴ്സ് സേവനം നൽകി ഒഎൻഡിസി ബയർ ആപ്പുകളായി മാറാം. ഉൽപന്നം വിൽക്കാൻ ആഗ്രഹിക്കുന്നവർക്കു സെല്ലർ ആപ്പുകളിൽ ചേക്കേറാം. ഇവ തമ്മിലുള്ള ഡേറ്റാ കൈമാറ്റം ഒഎൻഡിസി ശൃംഖലയിലൂടെയാകും.

എന്താണ് മെച്ചം?

ഒരു ഗേറ്റ് മാത്രമുള്ള ഒരു മാളും ആയിരം ഗേറ്റുള്ള ഒരു ഡിജിറ്റൽ മാളും തമ്മിലുള്ള വ്യത്യാസമാണു നിലവിലെ ഒരു ഇ–കൊമേഴ്സ് വെബ്സൈറ്റും ഒഎ‍ൻഡിസിയും തമ്മിലുള്ളത്. ഒരു ഗേറ്റ് മാത്രമുള്ള മാളിൽ അവിടെ നിൽക്കുന്ന സുരക്ഷാ ജീവനക്കാരനു നിശ്ചിത കടയിലേക്കു വേണമെങ്കിൽ ഉപയോക്താവിനെ നയിക്കാം. എന്നാൽ ആയിരം ഗേറ്റുള്ള മാളിൽ ഉപയോക്താവാണ് എവിടെ പോകണമെന്നു തീരുമാനിക്കുന്നത്. ബയർ ആപ്പുകളെ ഗേറ്റുകളായി കണക്കാക്കാം. ഒഎൻഡിസിയുടെ മുഖമായി ഉപയോക്താവ് കാണുന്നത് ഇവയായിരിക്കും.

ഗൂഗിൾ പേ, പേയ്ടിഎം ഒക്കെ യുപിഐ അധിഷ്ഠിതമാണെന്നു പറയുന്നതുപോലെ ഏതു കമ്പനികൾക്കും ഒഎൻഡിസി സന്നിവേശിപ്പിക്കാം. ഡേറ്റ ഒഎൻഡിസിയിൽ നിന്നായിരിക്കും, എന്നാൽ ഉപയോക്താവിന് മെച്ചപ്പെട്ട ഫീച്ചറുകൾ നൽകി ആകർഷിക്കേണ്ടതു ബയർ ആപ്പുകളാണ്. ബയർ, സെല്ലർ ആപ്പുകളുമായി ബന്ധപ്പെട്ട മത്സരം ഈ രംഗത്തെ കൂടുതൽ കാര്യക്ഷമമാക്കും. ലാഭം മുൻനിർത്തിയല്ലാത്തതുകൊണ്ടു പ്ലാറ്റ്ഫോമിന് ഉയർന്ന കമ്മിഷനും നൽകേണ്ട. അസംഖ്യം ബയർ ആപ്പുകളുള്ളതിനാൽ സെല്ലർമാർക്കു വളരെ കൂടുതൽ ഉപയോക്താക്കളെയും ലഭിക്കും.

നിലവിലുള്ള വമ്പൻ ഇ–കൊമേഴ്സ് കമ്പനികൾ ഒഎൻഡിസിയിൽ വരുമോ?

വരുമെന്നാണ് പ്രതീക്ഷ. പ്ലാറ്റ്‍ഫോം 'എ'യിൽ റജിസ്റ്റർ ചെയ്ത ഒരു ഉപഭോക്താവിനു പ്ലാറ്റ്‍ഫോം ബി,സി,ഡി എന്നിവയിലൊക്കെ സാധനം വിൽക്കുന്ന ആളിൽ നിന്നും സാധനം വാങ്ങാമെന്നു വന്നാൽ കാലക്രമേണ ഒരു സെല്ലറിനു കൂടുതൽ ഉപയോക്താക്കളെ ഒഎൻഡിസിയിലൂടെ ലഭിക്കും. കമ്മിഷനും കുറയും. ‍ഉപയോക്താവിനു കൂടുതൽ ഓപ്ഷനുകൾ ഒറ്റ സെർച്ചിൽ ലഭിക്കും. ഇങ്ങനെ വന്നാൽ വലിയ കമ്പനികൾ ക്രമേണ ഒഎൻഡിസി തലത്തിലേക്കു വരുമെന്നാണു പ്രതീക്ഷ.